'ഏതോരു' fb സുഹൃത്തിന്റെ പുസ്തകപ്രകാശനത്തിനായി നാലാംക്ലാസുകാരിയെ അച്ഛനു വളർത്താൻ വിട്ട് 382 കിലോമീറ്റർ യാത്ര ചെയ്തു വരുന്ന വീട്ടമ്മ ആഭാസയാകാതിരിയ്ക്കാൻ പാകത്തിന് ജൂലൈ 26ന് 2001 എംഎസ്സി ബാച്ചിന്റെ ഒത്തുചേരലും 27ന് പിഎസ്സി ലിസ്റ്റിലുള്ളവരുടെ മീറ്റിങ്ങും തരമായപ്പോൾ ഞാനിങ്ങു പുറപ്പെട്ടു. സാധാരണ ആളുകളുടെ തലവട്ടം കാണുമ്പോൾ ഉൾവലിയുന്ന എന്നെ വലിച്ചു പുറത്തിടാൻ ഒരുപാട് നാളത്തെ കണക്കുകൂട്ടലുകൾക്കൊടുവിൽ fbയിൽ ആരോടുമൊന്നും സൂചിപ്പിയ്ക്കാതെ ചാടിപ്പുറപ്പെട്ടതായിരുന്നു. നീല പാപ്പാത്തി കൂടു വിരിഞ്ഞു പറന്ന സായന്തനത്തിൽ അവിടെ കണ്ടവരൊന്നും എന്നെ അപകർഷതയിലേക്ക് വലിച്ചില്ല എന്നതാണ് നേട്ടം. ലെനോവോ k8 plusലൂടെ ഞാൻ തൊട്ടറിഞ്ഞ പല മുഖങ്ങളും യാഥാർഥ്യങ്ങളായി കയ്യും വീശി മുന്നിലേക്കു നടന്നു വന്നത് ആശ്ചര്യകരമായി തോന്നുന്നു ഇപ്പോഴും. ഇത്തരമൊരു സന്ദർഭത്തിന് കാരണക്കാരിയായ മിനിചേച്ചീ, നന്ദി.
ഫേസ്ബുക്കിൽ നിന്ന് ഏറ്റവുമാദ്യം ചിന്തകളിൽ സജീവസാന്നിദ്ധ്യമായി മാറിയ പ്രിയഗുരുകാരണവർ യെയാണ് ആദ്യം കണ്ടത്. അദ്ദേഹം യോടൊപ്പം നടന്നുവരുന്നു. പൊതുപരിപാടികളിലൊന്നും പങ്കെടുക്കാറേയില്ലാത്ത, മുടി വളർത്തിയ ആണുങ്ങളെയോ കള്ളുകുടിച്ചവരെയോ എന്തിന് ആത്മവിശ്വാസമുള്ള പെണ്ണുങ്ങളെപ്പോലും കാണുകയേ വേണ്ടാത്ത ചുവരുകൾക്കുള്ളിൽ നിന്നാണ് ഞാൻ വന്നതെന്നോർക്കണം.
വിശ്വേട്ടനെ ഒന്നു നുള്ളി നോക്കണമെന്ന ആഗ്രഹം തരം പോലെ നിറവേറ്റി. ഞാൻ
സ്വപ്നം കാണുകയല്ലെന്നുറപ്പിയ്ക്കാനായിരുന്നു അത്.😉
ഗംഗാഡോക്ടറെന്നെ അടുത്തിരുത്തി.
എന്നു വേണ്ട; അവിടെക്കൂടിയ ഓരോരുത്തരേയും ഞാനാദ്യമായിട്ടു കാണുകയായിരുന്നു. ഒന്നുരണ്ടു മാസമായി എഫ്ബിയിൽ അധികം ആക്ടീവല്ലാതിരുന്നതുകാരണം മറന്നു തുടങ്ങിയ ചിലരും പരിചയമേയില്ലാത്ത അനവധി പേരും ഉണ്ടായിരുന്നു.
എല്ലാ പോസ്റ്റിനും ഞാൻ ലൈക്കും കമൻറും ഷെയറും വരദാനം ചെയ്തു പ്രലോഭിപ്പിച്ചിട്ടും തിരിച്ചറിയാഞ്ഞ വക്കീലിനെ മാത്രം ഇടിക്കണമെന്നു തോന്നി. വേദനിയ്ക്കാത്തതു കാരണം ഇടി ഓർമ്മയില്ലായിരിക്കും. ല്ലേ? നിർലോഭം മിണ്ടിയ സുന്ദരേട്ടനും ആത്മവിശ്വാസം കൂട്ടി എന്നെ കുഴിയിൽ വീഴാതെ സഹായിച്ച പലരിൽ പെടും. പേരു പറയാൻ മറന്നതിൽ ആരും പരിഭവിക്കരുതേ. നമ്മുടെ ഓർമ്മക്കുറവ് മറ്റുള്ളവരെ വേദനിപ്പിയ്ക്കുന്നത് ധാരാളിത്തമുള്ള ഒരു വെല്ലുവിളിയാണല്ലോ.
അപ്പുറത്തെ പന്തിയിലിരുന്ന നെ ഇതാരായിരിയ്ക്കുമെന്ന് പലതവണ മസ്തിഷ്കത്തിൽ ചൊറിഞ്ഞു നോക്കിയെങ്കിലും ലും തിരിച്ചറിഞ്ഞില്ല. ഇനിയും എത്ര പരിചയക്കാരുണ്ടായിരുന്നോ ആവോ! അറിയാത്ത നഗരത്തിൽ അഡ്രെസ് തിരഞ്ഞു പോകേണ്ടിയിരുന്നതിനാൽ വന്നപ്പോഴേയ്ക്കും ഞാനിറങ്ങി. വിലപ്പെട്ട ഓർമ്മകൾ മായരുതെന്ന പ്രാർത്ഥനയോടെ.
26ന് രാവിലെ സുധ ടീച്ചറുടെ വീട്ടിൽ വെച്ചാണതു സംഭവിച്ചത്. സിംപിളായി ഞാനൊന്നു കുനിഞ്ഞു നിവരുമ്പോൾ നടു വെട്ടി ഞാൻ വെട്ടിലായി. 27ലെ മീറ്റിംഗ് കഴിഞ്ഞ് കുഴഞ്ഞ നടുവുമായി എങ്ങനെയോ നിലമ്പൂരിലെ വീട്ടിലെത്തി. ഇപ്പോ ഉഴിച്ചിലും കിഴിയും ഒരരക്കെട്ടുമുണ്ട്. അരക്കെട്ടെന്നു പറഞ്ഞുകൂടാ. ഒരൊന്നൊന്നരക്കെട്ട്. ഡിസ്കിലൊരു ഡിസ്കോ. Hard diskന് തകരാറില്ലെങ്കിലും എഴുത്തും വായനയും വിരക്തം. fbയോടൊരു വൈക്ലബ്യം.
ഭാരമെടുക്കേണ്ടാത്ത പണികളെന്തും ചെയ്യാമെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതിനാൽ മൂന്നുനേരം ഭക്ഷണത്തിനും രണ്ടു കാപ്പിയ്ക്കും മാത്രമേ അടുക്കള വഴി പോക്കുള്ളൂ. ശരീരമനങ്ങുമ്പോഴും അനങ്ങാത്തപ്പോഴും മാത്രം ചെറുതായി വേദന തോന്നും. എന്നാലും ലോറി, ജെസിബി, ആസിഡ് ഒന്നുമല്ലല്ലോ. വെറുതെ സിമ്പിളായി ഒന്ന് കുനിഞ്ഞു നിവർന്നതല്ലേ എന്നതെന്നെ ആനന്ദതുന്ദിലയാക്കുന്നു. അഞ്ചുമണിക്ക് ഹാസനിൽ വീടണയുന്ന നാലാം ക്ലാസുകാരിയാണെങ്കിൽ താക്കോൽ സൂക്ഷിക്കാനും ഏഴുമണിയോളം മഴയിരുട്ടിൽ ഒറ്റയ്ക്കിരിക്കാനും പഠിച്ചു.
മിഷ്ടർ ക്ക് വീട്ടിലെ മറ്റെല്ലാ ജോലികൾക്കുമൊപ്പം എണ്ണയും പച്ചമരുന്നും നനഞ്ഞ തുണിലക്കേണ്ടി വരുന്നില്ലല്ലോ എന്ന സന്തോഷവുമുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ