2020 ഫെബ്രുവരി 10, തിങ്കളാഴ്‌ച

Soil lesson

സ്‌കൂളിലെ യൂണിറ്റ് ടെസ്റ്റിന് തയാറാക്കിയ ചോദ്യപ്പേപ്പറുകള്‍ ടൈപ്പു ചെയ്യുമ്പോഴാണ് #ജാനൂട്ടി യുടെ സഹായ വാഗ്ദാനങ്ങള്‍ മുറുകി വന്നത്. എന്നും സഹായിക്കാമെന്നു പറയുകയും അദ്ധ്യാപനത്തില്‍ എനിക്കവളുടെ സഹായം ആവശ്യമില്ലാതെ വരികയുമാണ്. തിരസ്‌കരിക്കപ്പെട്ട വാഗ്ദാനങ്ങളുടെ പ്രേതങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ കടന്നു വന്ന് ഇടിമിന്നലും കണ്ണീര്‍മഴയും ചൊരിഞ്ഞത് മിനിഞ്ഞാന്നാണ്. ഞാൻ എഴുതിത്തയാറാക്കി വെച്ച ചോദ്യങ്ങള്‍ വായിച്ചു തരാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെ അവളണഞ്ഞു. ഏഴാം ക്ലാസ്സിലെ ചോദ്യപ്പേപ്പറിൽ പകുതിയും Soil എന്ന പാഠത്തിലേതാണ്. ആദ്യത്തെ ചോദ്യത്തിനവള്‍ ആവേശത്തോടെ ഉത്തരം പറഞ്ഞു. പിന്നെ അടുത്തതിനും. പിന്നെപ്പിന്നെ എനിക്കു ടൈപ്പു ചെയ്യാൻ ചോദ്യം വായിച്ചു തരുന്നതിനു പകരം ഉത്തരങ്ങള്‍ വിളിച്ചു പറയാനും അതിനെപ്പറ്റി വിശദീകരിക്കാനും മാത്രമായി ശ്രമം. 

"അയ്യേ! ഇതെന്താ അമ്മാ... ഞങ്ങള് ടൈംസില്‍ മൂന്നാം ക്ലാസ് സോഷ്യലില്‍ പഠിച്ച കാര്യാണോ സ്പ്രിംഗ്‌സില്‍ ഏഴാം ക്ലാസ്സിലെ സയന്‍സില്‍ പഠിപ്പിക്കുന്നത്?!"

അതെ. ഇന്ത്യയിലെ മക്കള്‍ ഏഴാംക്ലാസ്സില്‍ പന്ത്രണ്ട് പതിമൂന്ന് വയസ്സാകുമ്പോള്‍ പഠിച്ചാല്‍ മതി എന്നു സി. ബി. എസ്. ഇ. വിചാരിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞ വര്‍ഷം മൂന്നാം ക്ലാസ്സില്‍ ജാഹ്നവി പഠിച്ചത്. 

EXSEED ല്‍ നിന്ന് NCERT യിലേക്കു വന്നപ്പോള്‍ സോഷ്യലും സയന്‍സും യോജിച്ച് വീണ്ടും EVS ആയി മാറി അവൾക്ക്. രണ്ടാം ക്ലാസ്സില്‍ റ്റാറ്റ പറഞ്ഞ EVS തിരിച്ചു വന്ന് നാലിലും അഞ്ചിലും കുടിയേറിയപ്പോള്‍ അവള്‍ക്കത്ര മതിപ്പൊന്നും തോന്നിയിട്ടുമില്ല. 

ഉത്തരങ്ങള്‍ കുറേയായപ്പോള്‍ എനിയ്ക്കു നഷ്ടബോധം തോന്നി.. കുറ്റബോധം തോന്നി. അവളറിയാതെ അവളില്‍ നിന്നും പറിച്ചെടുക്കപ്പെട്ട ഗേംസ് പീരീഡുകള്‍, സായാഹ്നങ്ങള്‍, പുലരികള്‍, കുറേയേറെ മണിക്കൂറുകളിലെ ഉറക്കം, തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍, കിന്നാരങ്ങള്‍, സ്വപ്‌നങ്ങള്‍, ഭാവനകള്‍... അതാണിപ്പോള്‍ ഏഴാംക്ലാസ്സിലെ ചോദ്യങ്ങളുടെ ഉത്തരങ്ങളായി വരുന്നത്. ഇങ്ങനെ എത്രയെത്ര വിവരങ്ങൾ ആവശ്യമില്ലാതെ കുഞ്ഞിത്തലകളിൽ കുത്തി നിറയ്ക്കുന്നു സ്ക്കൂളുകൾ.. നഷ്ടപ്പെട്ട ബാല്യത്തിനു പകരം വെയ്ക്കാന്‍ ഈ അറിവു തൂക്കത്തിലിട്ടാല്‍... ഹാ!കഷ്ടം. അതു പോര. ഒന്നും പോര. മനുഷ്യജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ഞെരുങ്ങിപ്പൊടിഞ്ഞ് ഒരു ദുരന്തമായി അനുഭവിച്ചു തീർക്കേണ്ടതുണ്ട് ഈ ഇന്ത്യൻ തലമുറക്ക്.

എന്നാൽ, അവള്‍ക്കു ഭാഗ്യമുണ്ട്. അവള്‍ നാലാം ക്ലാസ്സില്‍ വെച്ച് രക്ഷപെട്ടിരിക്കുന്നു. ഇനിയെല്ലാം പതിയെ പഠിച്ചാല്‍ മതി. സ്പ്രിംഗ്‌സിലെ ഉച്ചഭക്ഷണ വേളകളിലും PR പീരീഡുകളിലും കളിക്കാന്‍ സമയം കിട്ടുന്നുണ്ട്. ഓടാനും ചാടാനും മരം കയറാനും കമ്പിയില്‍ തൂങ്ങിയാടാനും എല്ലാം അവള്‍ക്കിനിയും ബാല്യവുമുണ്ട്. ഇന്നലെ സ്ക്കൂളിലെ കവുങ്ങില്‍ ഒരാളുയരത്തില്‍ കയറി കാണിച്ചു തന്നപ്പോള്‍ എന്തൊരഭിമാനമായിരുന്നു എനിയ്ക്കുമവൾക്കും!

സ്‌കൂളങ്കണത്തിലെ മാവുകളില്‍ നിന്നു കൊഴിയുന്ന കണ്ണിമാങ്ങകള്‍ പെറുക്കിത്തിന്നാന്‍ ഓട്ടമാണ് കുട്ടികള്‍. സ്‌കൂളടുക്കളയിലോ മെസ്ഹാളിലോ പോയി ഇടംകയ്യില്‍ ഉപ്പുമായി വരും. ചിലര്‍ വീട്ടില്‍ നിന്ന് ഓര്‍ക്കാപ്പുളിയും (ഇരുമ്പാമ്പുളി) മാങ്ങയും ചാമ്പയ്ക്കയും കൊണ്ടുവരും. ഇതെല്ലാം അറിയാനും ആസ്വദിക്കാനും ഇവിടെ സമയമുണ്ട്. സമൂഹത്തിലിന്ന് ബാലവേല ചെയ്യാത്ത അപൂര്‍വ്വം കുട്ടികളില്‍ മിക്കവരെയും നിങ്ങള്‍ക്ക് സ്പ്രിങ്സില്‍ തന്നെ കാണാം. പത്തു വർഷത്തെ നീണ്ട  ജീവിതത്തിലാദ്യമായി പതിനാലു തവണ ഒരു പൂമ്പാറ്റയും ഒരു തവണ മറ്റൊരു പൂമ്പാറ്റയും നീട്ടിയ കയ്യിൽ ഇണങ്ങിയ തത്തയെപ്പോലെ വന്നിരുന്നതും ഈ സ്ക്കൂളിൽ നിന്നു മാത്രമാണെന്നു പറയാൻ പറഞ്ഞു ട്ടോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ