"നമ്മള്‍ ഒരു കൊതുകിനെ കൊല്ലുമ്പോള്‍ ശരിയ്ക്കും രണ്ടു കൊതുകിനെയാണമ്മാ കൊല്ലുന്നത്." #ജാനൂട്ടി പ്രഖ്യാപിച്ചു.
''അതെങ്ങനെ?"
"നമ്മളെ കടിക്കാന്‍ വരുന്ന കൊതുകിന്റെ വയറ്റില്‍ അതിന്റെ കുട്ടിയുണ്ടാവില്ലേ?"
"ഓ! ലങ്ങനെ. എന്നാലേയ്, ഇരുനൂറ് കൊതുകുകളെയൊക്കെ നാം ഒറ്റയടിക്ക് കൊല്ലുന്നുണ്ടാവും."
"ഇരുനൂറോ!!"
"അതെ. ഒരു കൊതുകമ്മ നൂറു മുതല്‍ ഇരുനൂറ് വരെ മുട്ടകള്‍ ഇടും."
''പക്ഷെ.. അതു പറന്നു വരുമ്പോള്‍ എത്ര ഈസിയായിട്ടാണ് വരുന്നത്! വീഴാന്‍ പോകുന്നൊന്നുമില്ല."
"ങ്‌ഹേ! വീഴാന്‍ പോവുകയോ!"
"അല്ലാ... കൊതുകിന്റെ വയര്‍ വീര്‍ത്ത്..ഭാരം തൂങ്ങി..ക്ഷീണം വന്ന്... അങ്ങനെയൊക്കെ ഉണ്ടോ അമ്മാ?"
"ഹ..ഹ.. കൊതുകിന്റെ മുട്ടകള്‍ തീരെച്ചെറുതാണ്. അതും വയറുനിറയെ ചോരകുടിച്ച കൊതുകാണ് മുട്ടയിടാന്‍ പോകുന്നത്. അപ്പോ മൊത്തത്തില്‍ ഒരു ഭാരക്കൂടുതലും മന്ദപ്പും ഒക്കെയുണ്ടാവും. ഇതുവരെ ഞാനിക്കാര്യം ചിന്തിച്ചിട്ടേയില്ല!"
''അമ്മാ, മനുഷ്യര്‍ക്കൊക്കെ ഒരു കുട്ടിയാവുമ്പഴേ വയറു വലുതായി നടക്കാനൊക്കെ ബുദ്ധിമുട്ടല്ലേ? അപ്പോ ഇത്രേം കുട്ട്യോള് വയറ്റിലുള്ള കൊതുകിന് നല്ല ക്ഷീണംണ്ടാവുമല്ലോ!"
"ഊം....മ്മ. എന്തൊക്ക്യാ ന്റമ്മിണീടെ കുഞ്ഞിത്തലേല്!"
"അമ്മ ദ് ആരോടും പറയരുത്. ട്ടോ.."
"ല്ല. പറയില്ല. ബാ അമ്മയൊന്ന് കെട്ടിപ്പിടിച്ച് ഇറുക്കട്ടെ.."
കൊതുകുകളുടെ കൂട്ടത്തില്‍ വറൈറ്റി വറൈറ്റി സാധനങ്ങളുണ്ട്. കേട്ടിട്ടില്ലേ? അനോഫലസ്, ക്യൂലെക്‌സ്, ഏഷ്യന്‍ ടൈഗര്‍ എന്ന ഈഡിസ്.. ഇവയുടെയൊക്കെ ജീവിതചര്യകളും ജീവിതാവധിയും വ്യത്യസ്തമാണ്. എന്നാലും ഗ്രീന്‍ വെജ് ജ്യൂസുമാത്രം കുടിച്ച് നോമ്പു നോറ്റ്, വ്രതമെടുത്ത് സ്വര്‍ഗ്ഗം പൂകുന്ന പുണ്യപുരുഷജന്മങ്ങള്‍ പരമാവധി പത്തു സൂര്യോദയം കാണും. അക്രമോത്സുകരും രക്തപാനകുതുകികളും പ്രോട്ടീന്‍ ഡയറ്റിലുള്ളവരുമായ മശകസ്ത്രീകള്‍ മൂന്നുമാസം വരെ ജീവിച്ച് നരകത്തില്‍ പോകുന്നവരാണ്. വയറു നിറയുന്നതുവരെ വീണ്ടും വീണ്ടും കുത്താന്‍ മടിയില്ലാത്ത ആക്രാന്തിണികളാണിവര്‍. വയര്‍ നിറയ്ക്കുന്നതിനനുസരിച്ച് മൂന്നു ദിവസം കഴിഞ്ഞ് 'ജലപ്രസവം സുഖപ്രസവം' എന്നു മൂളി ബാച്ചുകളായി പറ്റം പറ്റം മുട്ട കൂട്ടിയിട്ടു വരും.. തിരിച്ചുവരും.. പിന്നേം കടിച്ച്, പിന്നേം കുടിച്ച്, പിന്നേം പോയി മുട്ടയിടാന്‍.. ആശതീരും വരെ കുഞ്ഞിക്കാലുകാണാന്‍. ഷഡ്പദമാണേ. ആറ് ഗുണം ഇരുനൂറ്... ആയിരത്തിയിരുനൂറ് കുഞ്ഞിക്കാലുകള്‍... പക്ഷെ മുട്ട വിരിഞ്ഞ് കൃമിയായി കൂത്താടി, സമാധിയിരുന്ന് സമാധിയടഞ്ഞാൽ പ്യൂപ്പ പൊട്ടിച്ച് പുറത്തു വന്ന് കുഞ്ഞിക്കാലുകളിളക്കി പാല്‍പ്പുഞ്ചിരി പൊഴിക്കുമ്പോഴേക്കും മാസമൊന്നു കഴിഞ്ഞിരിക്കും. അച്ഛനില്ലാത്ത കുട്ടിയാണ്. അമ്മ കുടിച്ചു കൂത്താടി എവിടെയോ അലയുന്നുണ്ടാവും. ഫലത്തില്‍ കൊതുകായ കൊതുകെല്ലാം ജന്മനാ ആനാഥര്‍. പാവം പിടിച്ച ജന്മങ്ങള്‍.
മലമ്പനി, മന്ത്, ഡെംഗിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, ജപ്പാന്‍ജ്വരം, വെസ്റ്റ് നൈല്‍ ഫീവര്‍ എന്നീ രോഗങ്ങളിലൂടെ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയിട്ടുള്ള പ്രകൃതിയുടെ സ്വന്തം ചേതനാ ഗൃദ്ധാ മല്ലിക്മാര്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ