അവരെ പ്രകൃതി വിളിയ്ക്കയാണ്. ചാവൊളിപ്പിച്ച് പ്രലോഭിപ്പിച്ച് വിളിയ്ക്കുന്നു. അവര്‍ പോകും. രോഗം വാങ്ങും. ഏറെപ്പേര്‍ക്ക് കൊടുക്കാനുണ്ട്. ഏറെ കട്ടിലുകള്‍ ഒഴിയ്ക്കാനുണ്ട്. ചാരുകസേരകളും റിമോട്ടുകളും പത്രങ്ങളും തിരക്കൊഴിഞ്ഞ് അവരെക്കാത്തിരിയ്ക്കുന്ന ഒരു നാളെ വരാനുണ്ട്.
വിലക്കുകള്‍ ലംഘിച്ച് പുറത്തു വെറുതെ കറങ്ങാനിറങ്ങുന്നവര്‍ കൃഷി, ശുചീകരണം, അറ്റകുറ്റപ്പണികള്‍, വായന എന്നിവയിലൊന്നും മനസ്സു നില്‍ക്കാത്ത ഒരു വിഭാഗം ആളുകളാണ്. മിക്കവരും ആണുങ്ങള്‍ തന്നെ.
സംശയിയ്ക്കേണ്ട. ശിലായുഗം മുതല്‍ ഗുഹയിലിരുന്ന്/ മാടത്തിലിരുന്ന്/ വീട്ടിലിരുന്ന് പരിചയമില്ലാത്ത ഒരു Y ക്രോമോസോം അവരുടെ ഓരോ കോശങ്ങളിലും അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുറത്തിറങ്ങാനും കറങ്ങി നടക്കാനും പ്രലോഭിപ്പിയ്ക്കുന്നത് ആരും കാണാതെയെടുത്തിരുന്ന ഒരു പുകയോ ഒരുകവിള്‍ മദ്യമോ മതിലിനപ്പുറത്തെ മന്ദാരച്ചോട്ടില്‍ നിന്നു തൊടുത്തുവിട്ട ഒരു കടമിഴിക്കവിതയോ ആകണമെന്നില്ല. നായാടാനും നീലവാനച്ചോട്ടില്‍ നീന്തി കാതങ്ങള്‍ താണ്ടാനും പ്രേരിപ്പിക്കുന്ന ഒരു ജനിതക നിനവുമാകാം.
ശിലായുഗം മുതല്‍ ആണുങ്ങള്‍ നായാടാൻ പോയ പകല്‍സമയങ്ങളില്‍ പെണ്ണുങ്ങള്‍ ഗുഹയിലും മാടത്തിലും വീട്ടിലും പരിസരങ്ങളിലുമായി കൃഷി, അലങ്കാരം, വീടുനോക്കല്‍, വൃദ്ധരുടെയും കുട്ടികളുടെയും പരിചരണം എന്നിവയില്‍ വാപൃതരായിരുന്നു. അതിനാല്‍ ലോക്ഡൗണ്‍ അവര്‍ക്കു പുത്തരിയല്ല, റേഷനരി മാത്രം!
ഭാഷ വളര്‍ന്നത് പെണ്ണിലൂടെയാണ്. കലകളും. അയലോക്ക ഗുഹയിലെ കൂട്ടുകാരികളോടും കുട്ടികളോടും വിവരങ്ങള്‍ കൈമാറാനും സംവദിയ്ക്കാനുമായി അവളുണ്ടാക്കിയതാണ് ഭാഷ. എന്നാല്‍ വനാന്തരങ്ങളില്‍ ഇരയുടെയും ഹിംസ്രജന്തുക്കളുടെയും ശ്രദ്ധയില്‍ പെടാതെ സഞ്ചരിക്കാനും മണിക്കൂറുകളോളം ഇരയുടെ മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ അനങ്ങാതിരിക്കാനും അവന് തോനെ ഭാഷയൊന്നും വേണ്ടായിരുന്നു. തുച്ഛം വാക്കുകള്‍, മിച്ചം ആംഗ്യങ്ങൾ.. വേട്ടകഴിഞ്ഞു വന്നാല്‍ ഗുഹയ്ക്കു മുന്നില്‍ തീ കൂട്ടി കിട്ടിയ ജന്തൂനെ തൂക്കിയിട്ട് ചുടും- ബാര്‍ബെക്യൂ ചെയ്യും ബാര്‍ബേറിയന്മാര്‍.
ആ പന്നിയോ പോത്തോ പെരുച്ചാഴിയോ വേവുന്നവരെ ആളുന്ന തീയും നോക്കി നിര്‍ന്നിമേഷനായി ഇരിയ്ക്കും. ഓഫീസു വിട്ടുവന്ന് റിമോട്ടും പിടിച്ച് ടിവിയ്ക്കു മുന്നിലിരിയ്ക്കും പോലെ.
ചറപറചറപറ പറയുന്ന അവളെ ക്ഷുദ്രജീവിയെ നോക്കുന്ന പോലെ അവന്‍ നോക്കും- പ്രാചീന ശിലായുഗത്തിലെ അതേ നോട്ടം. കൊറോണക്കാലത്ത് വീട്ടിലിരിക്കുമ്പോ, കഴിയ്ക്കുമ്പോ, ടിവി കാണുമ്പോ, പേപ്പറ് വായിയ്ക്കുമ്പോ ഒക്കെ അവള്‍ ഭാഷയെടുത്ത് അമ്മാനമാടും. ഇതെന്തൊരു മാരണം- പലകാര്യങ്ങളിൽ ഒേ സമയം ശ്രദ്ധിയ്ക്കാനറിയാത്ത, ഇരപിടിയ്ക്കാനായി മാളത്തിനു മുന്നില്‍ ഏകാഗ്രതയോടെ കാത്തിരുന്ന അതേ അവന്‍ ക്രുദ്ധനാകും. അവള്‍ ഗ്രാസ് കട്ടറെടുക്കും. അത്രതന്നെ. പുല്ല്, പുല്ലാണിതവള്‍ക്ക്.
കൊറോണക്കാലത്ത് വീടകങ്ങളില്‍ യുദ്ധമുണ്ടാകാതിരിയ്ക്കാന്‍ നിങ്ങളിതറിയണം:
* അവള്‍ മിണ്ടുന്നെങ്കില്‍ അവള്‍ സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവന്‍ മിണ്ടുന്നില്ലെങ്കില്‍ അവനും സുഖമായിരിയ്ക്കുന്നു എന്നര്‍ത്ഥം.
* അവള്‍ പലകാര്യങ്ങള്‍ ഒരുമിച്ചു പറയും.
* ഒരേ സമയം പലതു പറയുന്നത് മൾട്ടി ടാസ്കിലുള്ള വൈദഗ്ധ്യമായല്ല- ശ്രദ്ധ തിരിക്കുന്ന അവഹേളനമായി അവനു കരുതാം.
* ദിക്കുകളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിലും സൂഷ്മതയിലും ഏകാഗ്രതയിലും അവന്‍ മുന്നിലാണ്.
* വീട്ടിനകത്തും പരിസരത്തും താരതമ്യേന ഉപയോഗശൂന്യമായേക്കാവുന്ന അവന്റെ കഴിവുകളെക്കുറിച്ചു മതിപ്പുണ്ടാക്കിയെടുക്കാന്‍ അവളും ശ്രദ്ധിയ്ക്കണം. കാരണം കൊറോണക്കാലത്ത് വേട്ടയില്ല. അവളുടെ സാമ്രാജ്യത്തില്‍ അവന്‍ തളയ്ക്കപ്പെട്ടിരിക്കുന്നു. അവളുടെ ശരികള്‍, അവളുടെ വിജയങ്ങള്‍.. അധീനപ്രവിശ്യയെ അടാളപ്പെടുത്താന്‍ മൂത്രമൊഴിച്ചു വെയ്ക്കുന്നത് അവളുടെ ശീലമല്ല. മമത കൊണ്ടും അവഗണന കൊണ്ടും അടയാളപ്പെടുത്താന്‍ അറിയുന്നവളാണവള്‍. ലോക്ഡൗണ്‍ കാലം Y ക്രോമോസോമുകളെ ഉലുവവെള്ളം തിളപ്പിച്ചു കുടിപ്പിച്ച് തണുപ്പിച്ചാണെങ്കിലും വീട്ടിലിരുത്തിയേ മതിയാകൂ. മടുക്കാതിരിക്കാന്‍ മടുപ്പിക്കാതിരിക്കാന്‍ അവള്‍ അവനെയറിയണം അവനവളെയും.
സമയാസമയങ്ങളില്‍ ലഹരിമരുന്നു കിട്ടാതെ പരിഭ്രാന്തരാകുന്നവരില്‍ ചിലരെയെങ്കിലും നേരത്തെ കമ്‌ടെത്തിയതിനാല്‍ രക്ഷപെടുത്താനാകുന്ന ഭാഗ്യമുള്ള രക്ഷിതാക്കള്‍ ഈ കൊറോണക്കാലത്തുണ്ടാകാം. പുറത്തു പോകാനുഴറുന്ന, അതിയായ പരിഭ്രമമുള്ളവരെ വീട്ടുകാര്‍ പ്രത്യേകം ശ്രദ്ധിക്കുമല്ലോ അല്ലേ? എന്റെ വീട്ടില്‍ രോഗം വരില്ല എന്ന അന്ധവിസ്വാസം പോലെ തന്നെയാണ് എന്റെ മകന്‍/മകള്‍ ലഹരി മരുന്ന് എടുക്കില്ല എന്നതും.
(എത്ര രഹസ്യ പ്രേമങ്ങള്‍ തകര്‍ത്തതിന്റെ പാപം ഈ പോസ്റ്റിനു കിട്ടുമോ ആവോ... ???? ഈ ഭാഗം മനസ്സിലായില്ല. പ്രേമം എങ്ങനെ തകരാന്‍. പിന്നെ ലഹരി മരുന്ന് ഭാഗം മുന്‍പിലത്തെ ഭാഗവുമായി യോജിക്കുന്നില്ല വേറെ പോസ്റ്റാണെങ്കില്‍ ഓക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ