2020 ജനുവരി 19, ഞായറാഴ്‌ച

രാവിലെ മൂന്നരയ്ക്ക് ഉറക്കമെണീറ്റു. ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അകത്തളങ്ങളും കോറിഡോറുകളും ഉറങ്ങിക്കിടപ്പാണ്. പതുപതുത്ത ബെഡ്ഡിൽ ചുമരിലേയ്ക്കു ചാരിയിരുന്ന് ഞാൻ ഡോർമെട്രിയുടെ അരണ്ട വെളിച്ചത്തിൽ മൊബൈലിലെഴുതുകയാണ്. മകൾ ജാഹ്നവി തൊട്ടടുത്ത് നല്ല ഉറക്കത്തിലാണ്. നാലാം ക്ലാസിലെ മറ്റു മൂന്നു കുട്ടികളും അഞ്ചാം ക്ലാസിലെ മൂന്നുപേരും ആറാം ക്ലാസിലെ ആറുപേരും കിടന്നുറങ്ങുകയാണ്. എ. സി. കൂടുതലൊന്നുമല്ല. കൊതുകില്ലെന്നു തോന്നുന്നു. തളർന്നുറങ്ങുകയാണ് എല്ലാവരും. ഇന്നലെ രാവിലെ മഞ്ചേരിയിൽ നിന്നു പുറപ്പെട്ട് രാത്രി ചെട്ടിനാട് എത്തിയതു വരെയും പാട്ടും വർത്താനവുമായിരുന്നല്ലോ ബസ്സിൽ. ഏഴ്, എട്ട്, ഒമ്പത് ക്ലാസിലെ പെൺകുട്ടികൾ അടുത്ത മുറിയിൽ ഹർഷിതാമാമിനൊപ്പവും ആൺകുട്ടികൾ അറബി സാറിന്റെ കൂടെയുമാണുള്ളത്.

രാവിലെ എട്ടുമണിയാകുമ്പോഴേയ്ക്ക് കുളിച്ചു പുറപ്പെട്ട് പ്രഭാത ഭക്ഷണത്തിനെത്തണം.  ഭക്ഷണത്തിനും അസംബ്ലിയ്ക്കും ശേഷം നാലു മുതൽ ഒമ്പതുവരെ ക്ലാസിലെ സ്പ്രിങ്സ് വിദ്യാർത്ഥികൾ ചെട്ടിനാട് പബ്ലിക് സ്ക്കൂളിന്റെ അതാതു ക്ലാസിൽ പോയിരുന്ന് ടൈംടേബിൾ പ്രകാരമുള്ള ക്ലാസിന്റെ ഭാഗമാകും. സയൻസും കണക്കും ഇംഗ്ലീഷും തമിഴും ക്ലാസുകൾ ഇവിടുത്തെ തമിഴ് കുട്ടികളോടൊപ്പമിരുന്ന് പഠിയ്ക്കും. കൂട്ടുകെട്ടുകൾ പിറക്കട്ടെ. ഭാഷയും സംസ്കാര വൈവിദ്ധ്യവും കൈമാറട്ടെ. ചെട്ടിനാടിന്റെ രുചിയും ശീലങ്ങളുമറിയട്ടെ. വൈകുന്നേരങ്ങളിൽ മഡ്പാലസും ആയിരം ജനാലകളുള്ള ഗ്രാമവസതികളും മറ്റു പലതും സന്ദർശിയ്ക്കാനുണ്ട്. തിങ്കൾ മുതൽ വെള്ളി വരെ ഒരാഴ്ചക്കാലം.

ഫെബ്രുവരി ഒന്നാം വാരമാണ് ചെട്ടിനാട് സ്ക്കൂളിലെ കുട്ടികൾ മഞ്ചേരി സ്ക്കൂളിൽ വരിക. സ്പ്രിങ്സ് ഒരു റെസിഡൻഷ്യൽ സ്ക്കൂളല്ലെങ്കിലും അവർക്ക് ഒരാഴ്ച താമസവും ഭക്ഷണവും അവിടെ ഏർപ്പാടു ചെയ്യും. അതിഥികൾ വരുമ്പോൾ പരിപാടികൾ പലതും ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്ക്കൂൾ എക്സ്ചേഞ്ചു പ്രോഗ്രാം ഒരു പത്തിരുപത് എക്സ്കഷനുകളെക്കാൾ അറിവും അനുഭവവും നൽകുന്നവയാണ്. ടീച്ചറായി കൂടെ വന്ന എനിയ്ക്ക് സുഹൃദ് ബന്ധങ്ങളും സാംസ്കാരിക കൈമാറ്റവും മാത്രമല്ല ഇതു തരുന്നത്. എൽ കെ ജി മുതൽ പത്തുവരെ ഒരേ വീട്ടിലെ കുട്ടികളെപ്പോലെ കഴിയുന്ന എന്റെ പുതിയ കുടുംബത്തെ അടുത്തറിയാനുള്ള അവസരം കൂടിയാണ്.

സ്പ്രിങ്സ് സ്ക്കൂളിന്റെ സംസ്ഥാപകനും എക്സ്ചേഞ്ച് പോലെ അനേകം വ്യത്യസ്തമായ ആശയങ്ങളുടെ ആവിഷ്കർത്താവുമായ സയ്യിദ് ബി. ദൂജയെന്ന പ്രിൻസിപ്പാളും അഡ്മിനിസ്ട്രേഷൻ മാനേജറായ മിസ്സിസ് ഉമ്മുൽ ഖയർ ദൂജയും ഞങ്ങളോടൊപ്പുണ്ട്. അവരുടെ രണ്ടു മക്കളും വിദ്യാർത്ഥി സംഘത്തോടൊപ്പമുറങ്ങുന്നു.

ഇതു വിദ്യാഭ്യാസമാണ്. ജാഹ്നവിയ്ക്കു കൊടുക്കാൻ ഭാഗ്യവശാൽ എനിയ്ക്കവസരമുണ്ട്.
പണ്ട് സംസ്കാരിക വിനിമയത്തിനായി റഷ്യയിലേക്കു പോയി വന്ന കുട്ടികളെഴുതിയത് വായിച്ച് മാതൃഭൂമിയുടെ അവസാന പേജുകളിൽ കോരിത്തരിച്ചിരുന്നിരുന്നവളാണ് ഞാനും.

സ്പ്രിങ്ങ്സ് എന്റെ കൂടി സ്വപ്നങ്ങളുടെ പരിഭാഷയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ