ഫൈബറിന്റെ ദോശ!!
ഫൈബറിന്റെ ഗ്ലാസ്സ്, പ്ലേറ്റ്, കസേര, മേശ, കോട്ട്, കുന്തം, കൊടച്ചക്രം.. ദാ ഇപ്പോ ഫൈബറിന്റ ദോശേം. അതെന്തായാലും ഈ ദോശ തിന്നോരൊന്നും വന്‍കുടല്‍ ക്യാന്‍സര്‍ വന്ന് മരിക്കില്ല. ഇനി അഥവാ കാന്‍സര്‍ വന്നാലും മരിക്കില്ല. ഉം.. ഉം. മരിച്ചാലും കാന്‍സര്‍ വരില്ല. ഈ ദോശയില്‍ തലങ്ങും വിലങ്ങും കുത്തിനിറച്ച ഫൈബറിനെയോര്ത്ത് സന്തോഷംകൊണ്ട് നമ്മടെ കൊടല്മാല നിറകണ്ണുകളോടെ നമക്ക് പുഷ്പഹാരം ചാര്‍ത്തും. ഇത്രം നാളും തിന്ന നാടപോലിരിക്കുന്ന നൂഡില്‍സും നൂലുപോലിരിക്കുന്ന ഇടിയപ്പവും ഉലക്ക പോലിരിക്കുന്ന പുട്ടും മുട്ടേം മട്ടണും ഒന്നും ഒന്നും ഒരും ഫൈബറും കൊണ്ടന്നില്ലാന്ന് നമ്മുടെ കൊടല് മാലയ്ക്കറിയാം.
അങ്ങനെ നിരാശാഭരിതവും നാശോന്മുഖവുമായിരിക്കുന്ന നിങ്ങടെ കൊടല് മാലയിലേക്കാണ് ഫൈബറിന്റെ കന്നിമഴപോലെ, ഫൈബറിന്റെ ഓഗസ്റ്റ് മഴപോലെ, ഫൈബറിന്റെ വെള്ളപ്പൊക്കം പോലെ ഈ ദോശ കടന്നു ചെല്ലുക. ഈ വെള്ളപ്പൊക്കത്തില്‍ തൂത്തുവാരാനുള്ളത് നിങ്ങള്‍ ബീന്‍സിനൊപ്പം അരിഞ്ഞ് മെഴുക്കുപെരട്ടിയാക്കിത്തിന്ന ആ സ്ത്രീയുടെ മുടീം, ആറാംക്ലാസ്സിലെ കണക്കുപരീക്ഷയ്ക്ക് കടിച്ചുതിന്ന നഖവും നിലത്തിഴഞ്ഞു നടക്കുമ്പോ തിന്ന സ്ക്രൂഡ്രൈവറും വരെയാണ്! (കൂടിപ്പോയി! സ്ക്രൂ മതി..സ്ക്രൂമതി. ഡ്രൈവറെ കുടിശ്ശിക തീര്‍ത്ത് പിരിച്ചു വിട്ടോളൂ) ഒക്കെപ്പോയി ഡൊമെക്സിട്ടു കഴുകിയപോലെ ക്ലീനാകും നിങ്ങടെ കൊടലുമാല.
ഭയങ്കര ആരോഗ്യം കിട്ടും. സത്യം. അതിഭയങ്കര ആരോഗ്യം. വാചകം നിര്‍ത്തി പാചകം തുടങ്ങാം.
ആവശ്യള്ള സാമാനങ്ങള്‍
* ണ്ണിത്തണ്ട് (ഉണ്ണിത്തണ്ട്, ഇണ്ണിത്തണ്ട്, ഉണ്ണിപ്പിണ്ടി, വാഴപ്പിണ്ടി എന്നൊക്കെ പേരുണ്ട്. പച്ചമലയാളത്തില്‍ ട്യൂബ് ലൈറ്റെന്നും പറയും)
* പച്ചരി
* നാള്യേരം (ഒപ്ഷണൽ )
* ഉപ്പ്
* വെള്ളം
* ശുഭാപ്തി വിശ്വാസം ( നിർബന്ധം)
ണ്ടാക്ക്ണ വിധം
ദുശ്ശാസനനെ മനസ്സിൽ ധ്യാനിച്ച് ണ്ണിത്തണ്ടിന്റെ ഉടുപ്പൂരിയൂരിയെറിഞ്ഞ് അവളുടെ യഥാർത്ഥ അസ്തിത്വത്തിലേയ്ക്കു കൊണ്ടുവരിക. മെലിഞ്ഞതെങ്കിലും ഉറച്ചതും മിനുത്തതുമായ ആ പേഴ്സണാലിറ്റി കണ്ട് പിന്തിരിയാതെ അരിഞ്ഞ് മിക്സിയുടെ ജാറിലേക്കിടുക. അതിനുമുകളില്‍ രണ്ടുമണിക്കൂര്‍ കുതിര്‍ത്ത പച്ചരിയിട്ട് അരയ്ക്കുക. താഴെയുള്ള ണ്ണിത്തണ്ട് അരഞ്ഞുണ്ടാകുന്ന നീര് മതിയാകും സാധാരണ അരി അരയാൻ. ന്നാലും ലേശം ദാഹനീരു പ്രദാനം ചെയ്ത് മിക്സിയെ സാന്ത്വനിപ്പിയ്ക്കൂ. എന്നിട്ടുമാ കുണ്ടാമണ്ടി ഓഫായിപ്പോയാൽ എന്നെപ്പോലെ അന്തിച്ചു നിൽക്കാതെ പതിയെ കയ്യിട്ട് ബ്ലേഡിൽ കുടുങ്ങിയ ഫൈബർ തൊപ്പി ഊരിയെടുത്തു കളയണം. (ധീരന്മാർ മിക്സി ഓഫാക്കിയിട്ടേ കയ്യിടാറുള്ളൂ)
കുടലിനു ദിവ്യസ്പർശത്താൽ സ്മൂത്ത് റണ്ണിങ് കൊടുക്കുമെങ്കിലും ഫൈബറിന് മിക്സിയുടെ കറക്കത്തിനോടൊരു ഇരട്ടത്താപ്പ് നയമാണ്. ബ്ലേഡിന്റെ തുമ്പു വളഞ്ഞതാണെങ്കിൽ നാരുകൾ സ്വരൂപിച്ച് ഘർഷണം കൂട്ടുകയും മോട്ടറിനിട്ട് പണിയുകയും ചെയ്യുന്നതാണ്. വിഷമിയ്ക്കേണ്ട. ശുഭാപ്തി വിശ്വാസം നമ്മെ മുന്നോട്ടു നയിയ്ക്കും.
നന്നായി അരഞ്ഞില്ലേ? മാവിൽ ഉപ്പിട്ടോളൂ. ലേശം വെള്ളം. ഒന്നിച്ചൊഴിയ്ക്കണ്ട. ഒന്നാം ദോശ ചുട്ടു നോക്കീട്ട് ഒഴിച്ചാമതി. പുളിപ്പിയ്ക്കാതെ അപ്പത്തന്നെ ഉണ്ടാക്കണം. ചൂടായ കല്ലില്‍ പാര്‍ന്ന് പരത്തി മൂടിവെച്ച് തുറക്കുമ്പോ മുകളിലൊരു വെള്ളനിറം കാണാമെങ്കില്‍ വെള്ളം കുറവാണെന്നാണര്ത്ഥമെന്നറിയാമോ? അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ചട്ണി, അച്ചാര്‍, ചമ്മന്തിപ്പൊടി, സാമ്പാര്‍, പച്ചക്കറി, മുട്ട, മീന്‍, ഇറച്ചിക്കറികള്‍ എന്നുവേണ്ട എന്തു കൂട്ടീം തിന്നാമ്പറ്റ്ണ ഫൈബറ് ദോശ ഇതാ റെഡി.
ശ്ശ്... അതേയ്, ആ ഫോട്ടോല് കാണ് ണ പോലെ ഇത്തവണ ഉണ്ണിത്തണ്ട് കുറവും അരി കൂടുതലുമായതിനാൽ ഞാൻ നാളികേരമിട്ട് അഡ്ജസ്റ്റു ചെയ്തതാണ്. നല്ല സ്വാദായിരുന്നെന്നു പ്രത്യേകം എടുത്തു പറയുന്നില്ല കൊതിച്ചികളേ, കൊതിയൻമാരേ. ഉണ്ണിത്തണ്ടു കൂടുതലിട്ടാൽ ശരിക്കും ഫൈബർ കൊണ്ട് 'ഫീലിങ് ഫിൽ' തോന്നിയ്ക്കുന്ന ഘടാഘടിയൻ ലോ കലോറി ദോശ വയറു നിറയെ തിന്നാം. കുറ്റബോധമില്ലാതെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ