മാല, വള, പൊട്ട്, കമ്മൽ... കുഞ്ഞിലെ ഇഷ്ടങ്ങൾ ഇഷ്ടക്കേടുകളാകുന്നത് ഇവയെല്ലാം നിർബന്ധങ്ങളാകുമ്പോഴാണ്. പെണ്ണല്ലേ? പൊട്ടിടണം. ഒഴിഞ്ഞ കയ്യും കഴുത്തുമുള്ള പെങ്കുട്ട്യോളെ സഹിയ്ക്കാൻ കഴിയാത്തവർ എത്രയുണ്ടെന്നാണ് ചുറ്റിനും! അഴിഞ്ഞ മുടിയോ? വയ്യേവയ്യ. 'ഓട്ടതൂരും, രണ്ടാമത് കുത്തേണ്ടി വരും' എന്ന ഒരൊറ്റ ഭീഷണി മാത്രം കാരണം കമ്മലിട്ടു നടക്കുന്ന കൂതറ കാലമുണ്ട് ചില പെൺകുട്ടികൾക്കെങ്കിലും. കന്നഡ പെണ്ണുങ്ങൾക്ക് അതീവ നിർബന്ധമായ അഞ്ചു ഭാഗ്യങ്ങൾ(!!) അറിയാമോ?
അരശിനകുങ്കുമ- നെറ്റിയിൽ കുങ്കുമം, ചെന്നികളിലും കൈകാൽ പത്തികളിലും നിറയെ മഞ്ഞൾ
കുപ്പിവളകൾ
കരിമണിയ്ക്കൊപ്പം കോർത്ത താലി
പിന്നെ കാലിൽ മിഞ്ചിയും തലയിൽ പൂവും. ഈ അഞ്ചു സൗഭാഗ്യങ്ങളെ ദൈവത്തേക്കാളും (ഭർത്താവിനെക്കാളും ഹഹ ) മേലേ കണ്ടു പൂജിയ്ക്കുന്നവരാണിവിടെ.
സാധാരണഗതിയിൽ അനുസരണയുള്ളവളും സ്വന്തം മനസ്സമാധാനത്തിന്റെ ചെലവിൽ ധാരാളം വിട്ടുവീഴ്ചകൾ ചെയ്യുന്നവളുമായ ഞാൻ നിഷേധിയാവുന്നത് ഇങ്ങനെ ചില കടുംപിടുത്തങ്ങളിലാണ്. മുടി മുടിയഴിച്ചിട്ട്, പൊട്ടു തൊടാതെ, കമ്മൽ, മാല, വള, മിഞ്ചി.. ഒന്നുമിടാതെ, സാരിയല്ലാത്തൊരു കുപ്പായമിട്ടു നടക്കുന്നതാണ് എനിക്കിഷ്ടം. എന്നെ സ്വീകരിയ്ക്കണമെങ്കിൽ ചുറ്റിനുമുള്ള സമൂഹം എന്തെന്തു നിബന്ധനകളാണ് കൈക്കൊള്ളുന്നത് എന്ന് മനസ്സിലായല്ലോ. എന്റെ സ്ത്രീ ശരീരത്തോടു ചിരകാലം ബഹുദൂരം വേണ്ട ഏച്ചുകൂട്ടലുകൾ മാത്രമല്ല ഇവയൊക്കെ. എന്റെ സ്വീകാര്യതയുടെ മാനദണ്ഡങ്ങളും സ്വഭാവത്തിന്റെ സംസ്കാരത്തിന്റെ ചിഹ്നങ്ങളുമാണിവ. ഈ ലൊട്ടുലൊഡുക്കു സാധനങ്ങൾ 24x7 ശരീരത്തിൽ ഘടിപ്പിച്ചില്ലെങ്കിൽ വ്യർത്ഥമാവുന്നതാണ് ഏതൊരു സ്ത്രീയുടെയും സ്വത്വം. ഏത് കല്പനാചൗള; യെന്ത് ഇന്ദിരാഗാന്ധി?? അനാവശ്യമായി സമൂഹത്തെ, ചട്ടങ്ങളെ, മതത്തെ, സംസ്കാരത്തെ തിരസ്കരിക്കുന്ന; വയസ്സിനിളയവനായ സഹോദരനും മകനും ഉൾപ്പെടെ സമൂഹത്തിലെ പുരുഷന്മാരെ ഒന്നടങ്കം പുച്ഛിക്കുന്ന, സതിയും സീതയും സ്വന്തമമ്മയുമടങ്ങിയ ഭാരത സ്ത്രീകളെ മൊത്തം അപമാനിയ്ക്കുന്ന വെല്ലുവിളിക്കാരികളായ വഴക്കാളികളാണ് സുമംഗലീചിഹ്നങ്ങളെ ഉപേക്ഷിക്കുന്നവൾ.
എനിക്കെന്നോടുള്ള പ്രേമത്താൽ ഞാനെന്നെ അലങ്കരിക്കാൻ ഇഷ്ടപ്പെടാറുണ്ട്. പക്ഷെ, നിർബന്ധവും ആജ്ഞയും അടിമത്തവും വിപ്ലവകാരികളാക്കാത്തവർ എന്തുതരം മനുഷ്യരാണ്!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ