"കടലിന്റെ ഏറ്റോമേറ്റം അടീലെന്താ?"
ചോദ്യമെത്ര ചെറുതാണ്. കടലോളം വിവരിച്ചാലും അപൂർണ്ണമാകുന്ന ഉത്തരവും. ആശ്ചര്യങ്ങളാണ്. നിറയെ ആശ്ചര്യങ്ങൾ.
ജന്തുശാസ്ത്രലാബിലെ സ്പെസിമെൻ ബോട്ടിലിൽ ഫോർമലിനിൽ സമയത്തെ മരിപ്പിച്ചു മരവിച്ചു കിടക്കുന്ന ട്യൂബ് വേമിനൊപ്പം അന്തരാളത്തിൽ ആഴി കാണാറുണ്ടായിരുന്നു..
എംഎസ്സിയ്ക്ക് ഹെർബേറിയം കളക്ഷനു വേണ്ടി രാമേശ്വരത്തെ ഒരു ദ്വീപിൽ നോക്കെത്താദൂരത്തോളം കടലിലേയ്ക്കു നടന്നുചെന്നു ഞങ്ങൾ. ചെരിപ്പുണ്ടെങ്കിലുമില്ലെങ്കിലും അവിടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. കല്ലും മണ്ണുമൊന്നുമല്ല- വെറും പവിഴപുറ്റുകൾ.. കാലിടറിയും തടഞ്ഞു വീണും പരിക്കുകൾ എല്ലാവർക്കും പറ്റി. ഏറെ പരിക്കേറ്റത് ആരും വരാത്തിടത്ത് നൂറ്റാണ്ടുകളെടുത്തു വളർന്ന ആ പവിഴപ്പുറ്റുകളുടെ ഇടതൂർന്ന ലോലവനത്തിനായിരിയ്ക്കണം.
ഓരോ സെൻറീമീറ്ററും വളരാൻ സൂക്ഷ്മജീവികളുടെ ശരീരക്കോട്ടകൾ ദശകങ്ങളെടുക്കുന്നു. അവിശ്വസനീയമായ ആകൃതികളിലും നിറങ്ങളിലുമുള്ള പലവിധപായലുകൾക്കൊപ്പം ചില സമുദ്രജീവികളെയും ജീവനോടെ കണ്ടു. ജീവനുള്ള പവിഴപ്പുറ്റുകളുടെ കമനീയ രൂപങ്ങളും വർണ്ണങ്ങളും വ്യത്യസ്തതയും കടലിലും അതിനേക്കാൾ അവിശ്വസനീയമായവ കരയിലെ മ്യൂസിയത്തിലും കണ്ടു. ചില അറിവുകൾ, ചില സ്ഥലങ്ങൾ, ചില പ്രതിഭകൾ നമ്മെ മൂകരാക്കുന്നു.
കടൽ, സമുദ്രം, വാരിധി, പയോവാഹം, പാരാവാരം, അർണ്ണവം, സാഗരം, രത്നാകരം... അതല വിതല സുതല തലാതല മഹാതല രസാതല പാതാളങ്ങൾ മറഞ്ഞുകിടക്കുന്ന നിഗൂഢതയല്ലേ അത്?
ശാസ്ത്രം ഇപ്പറഞ്ഞ ലോകങ്ങളൊന്നും തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഗ്രേറ്റ് കാനിയനെക്കാൾ ആഴമുള്ള കിടങ്ങുകളും എവറസ്റ്റിനെക്കാൾ ഉയരമുള്ള കൊടുമുടികളും അഗ്നിപർവതങ്ങളും ഉഷ്ണജലവാഹികളും നദികളും അടങ്ങിയ സമുദ്രാന്തർഭാഗം കണ്ടെത്തിയിട്ടുണ്ട്.
പ്രകൃതിവാതകവും പെട്രോളിയവും ഒളിച്ചിരിയ്ക്കുന്ന കലവറയുണ്ടവിടെ. കാൽസ്യം, സിലിക്ക തുടങ്ങിയ മന്ദപ്പൻമാരും സൾഫർ ഡൈ ഓക്സൈഡ്, അമോണിയ, ഘനലോഹങ്ങൾ തുടങ്ങിയ അപകടകാരികളും ആക്രമണോത്സുകരും ആവോളമടങ്ങിയ രത്നഗർഭം. മണൽ, പാറ, കിലോമീറ്ററോളം താഴ്ചയിൽ ചെളിനിറഞ്ഞ, കളിമണ്ണടിഞ്ഞ (bay mud) ചതുപ്പ്.. അടിത്തട്ടിലെ ഓരോ ഇടവും നിലം വ്യത്യസ്തമാണ്. 'ഡയാറ്റം' എന്ന ആൽഗയുടെ കോശഭിത്തി ആയിരക്കണക്കിന് വർഷങ്ങളായി അടിഞ്ഞുകൂടി ഉണ്ടായ ഡയാറ്റമേഷ്യസ് എർത്തിലെ സിലിക്ക തരികൾ ടൂത്ത് പേസ്റ്റിൽ, ഇൻഡസ്ട്രിയൽ ഫിൽട്ടറിൽ എന്നുവേണ്ട; കീടനാശിനിയായിവരെ ഉപയോഗിക്കുന്ന നിധിയാണ്. മുത്ത്, പവിഴം, ചിപ്പി, ജെല്ലി, ചായങ്ങൾ, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ, ഒമേഗ ത്രീ ഫാറ്റി ആസിഡും പ്രോട്ടീനും സമ്പുഷ്ടമായ രുചികൾ... ഒക്കെ പോട്ടേന്നു വച്ചാലും ഉപ്പില്ലാതെ ഒരു നേരമുണ്ണാമോ!
200 മീറ്ററിലധികം താഴ്ചയിൽ സൂര്യപ്രകാശത്തിന് ഒരിയ്ക്കലും എത്തിച്ചേരാൻ കഴിയാത്ത aphotic zone തുടങ്ങുന്നു. അതിനു താഴെ സ്വയം പ്രകാശിക്കുന്ന അദ്ഭുതജീവികളുടെ ലോകം കാണാനാശപ്പെടാത്തവർ ആരുണ്ട്? അജ്ഞാത ലോകം. അപ്രാപ്യ ലോകം.
ഡൈവിംഗ് സ്യൂട്ടും ഓക്സിജൻ മാസ്കുമുണ്ടെങ്കിൽ പോയി വരാമായിരുന്നു എന്നു ചിന്തിയ്ക്കുന്നുണ്ടോ?
ഓരോ 10 മീറ്റർ താഴ്ചയിലും 1 atmosphere വെച്ച് കൂടുന്ന മർദ്ദം. Benthic zone എന്നു വിളിയ്ക്കപ്പെടുന്ന കടലാഴത്തിൽ പ്രവേശിയ്ക്കാൻ മർദ്ദം ചെറുക്കുന്ന പ്രത്യേക അന്തർവാഹിനികൾ വേണം. ചുറ്റുമുള്ള വെള്ളത്തിന്റെ മർദ്ദം എത്തരത്തിലുള്ളതാണ് എന്ന് സങ്കൽപ്പിച്ചാൽ.. ചെവി, കണ്ണ്, ക്യാമറ ഒക്കെ അടിച്ചു പോകും. വാരിയെല്ലുകൾ തകർന്ന്, ഹൃദയം ചതഞ്ഞ്, നമ്മൾമൊത്തം സ്പോഞ്ച് ചുരുട്ടിയ പോലാകും. ഓരോ കോശവും അമർന്ന്, ഞെങ്ങി ചാവും.
ഇവിടുത്തെ ജീവപ്രപഞ്ചം തികച്ചും വ്യത്യസ്തമാണ്. വെളിച്ചമില്ലാത്തതിനാൽ സസ്യങ്ങൾക്ക് അവിടെ കാര്യമില്ല. ചത്തടിയുന്ന സമുദ്ര ജീവികളെ ഭക്ഷണമാക്കി ധാരാളം ജന്തുക്കൾ അവിടെ കഴിയുന്നു. രാസസംശ്ലേഷണം നടത്തുന്ന, ഇന്നത്തെ ജീവരാശിയുടെ പൂർവികരായ പുരാതന ബാക്ടീരിയകളും ചില ഫംഗസുകളും ഉണ്ടവിടെ. സ്വയം പ്രകാശിയ്ക്കുന്നതും പ്രകാശം തന്നെ അജ്ഞാതമായതും നമ്മുടെ തരത്തിൽപെട്ട പഞ്ചേന്ദ്രിയങ്ങൾ അനാവശ്യവുമായ വിചിത്ര ജന്മങ്ങൾ. വയറിനകത്തെ വിരകളെപ്പോലെ തിന്നുന്നതും വളരുന്നതുമെല്ലാം സ്വയംചാലിതമെന്നപോൽ നടക്കുന്ന അചല, അരൂപ, വിരൂപ സഞ്ചയങ്ങൾ. പ്രത്യുത്പാദനമൊന്നുമാത്രം നടത്തി ജീവന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് അടിവരയിടുന്ന സ്ഥാവരജംഗമങ്ങൾ.
അതിമർദ്ദം പ്രതിരോധിയ്ക്കുന്ന അവയുടെ കോശങ്ങൾ ശാസ്ത്രത്തിന് കൗതുകമാണ്. ജനിറ്റിക് എൻജിനീറിങ് പോലത്തെ ശാസ്ത്ര ശാഖകൾക്ക് എൻസൈക്ലോപീഡിയ നിറഞ്ഞ ഒരു വായനശാല പോലത്തെ അത്ഭുത സ്രോതസ്സാണ്. Benthic ജീവികളിൽ ചലനശേഷിയുള്ളവയും മുകൾപ്പരപ്പിലേയ്ക്ക് വരാറില്ല. വന്നാൽ ചായയിൽ കുതിർന്ന ബിസ്ക്കറ്റ് പോലെ കലങ്ങിപ്പോകും ന്യൂനമർദ്ദം കാരണം അവയുടെ കോശങ്ങൾ. മുകളിലെ മീനുകളും മറ്റു ജീവികളും ഏറെ താഴോട്ടും പോകില്ല. അതിമർദ്ദം മാത്രമല്ലല്ലോ; പലയിടവും ആയിരം ഡിഗ്രി സെൽഷ്യസിനും മുകളിൽ തപിയ്ക്കുന്ന അഗ്നിപർവതങ്ങളും ചൂടുറവകളും ധാരാളം. അവിടെയുമുണ്ട് ജീവൻ. മാരകമായ രാസപദാർത്ഥങ്ങളും കാളകൂടവിഷവും. അവിടെയുമുണ്ട് ജീവൻ. മർദ്ദത്തിന്റെ, ഊഷ്മാവിന്റെ, ലവണസാന്ദ്രതയുടെ അഗോചരമായ മതിലുകൾ സ്വാതന്ത്ര്യത്തിന് പരിധികൾ നിശ്ചയിയ്ക്കുന്നു.
പഞ്ചേന്ദ്രിയങ്ങളെക്കുറിച്ചുള്ള നമ്മുടെ വികാരങ്ങളൊക്കെ അന്യഗ്രഹവത്കരിക്കപ്പെടുന്ന (alienating) അവസ്ഥ ഈ വിസ്മയഗോളത്തിൽ തന്നെ അടങ്ങിയിരിയ്ക്കുന്നു. പുറത്തേയ്ക്കു മാത്രമല്ല; അകത്തേയ്ക്കും അനന്തമജ്ഞാതമവർണ്ണനീയം..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ