2019 ഫെബ്രുവരി 1, വെള്ളിയാഴ്‌ച

വെല്ലു വിളിക്കപ്പെടുമ്പോൾ

വെല്ലു വിളിയ്ക്കപ്പെടുമ്പോൾ..

ബൗദ്ധികമായോ കായികമായോ തികച്ചും ക്രീയാത്മകമായോ നിങ്ങളെയൊരാൾ വെല്ലുവിളിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ  അപരീക്ഷിതജയമെന്ന മൗഢ്യാവസ്ഥയിൽനിന്നും ജയപരാജയങ്ങളുടെ തെളിവുള്ള, വെളിവുള്ള അവസ്ഥയിലേയ്ക്കു നിങ്ങളെ കൊണ്ടുവരേണ്ട ദൗത്യം അയാളേറ്റെടുത്തിരിയ്ക്കുന്നു എന്നു സന്തോഷിയ്ക്കൂ.

മികവിന്റെ, വ്യക്തിപ്രഭാവത്തിന്റേതിനേക്കാൾ വളരെ താഴ്ന്ന നിലയിലുള്ള ഒരു പരീക്ഷണമാണ് അതെങ്കിൽക്കൂടി മുഖം ചുളിയ്ക്കാതെ, ഒഴിഞ്ഞുമാറാതെ അതിലൂടെ കടന്നുപോകൂ. നഷ്ടപ്പെടാനൊന്നുമില്ലാത്ത വെല്ലുവിളികളിലും ചിലത് നേടാനായേയ്ക്കും.

കാര്യം ചെറുതോ വലുതോ ആകട്ടെ. നിങ്ങളെ ദ്വന്ദ്വത്തിന് ക്ഷണിക്കുന്നവൾക്ക് എപ്പോഴുമറിയാം അവൾ ക്ഷണിച്ചുവരുത്തുന്ന രണ്ടു സാദ്ധ്യതകളെക്കുറിച്ച്. ജയിയ്ക്കാമെന്ന അഹങ്കാരമുണ്ടാകിലും തോൽവിയെന്ന വകഭേദമേ അതിനുപകരമായി ആ തെരഞ്ഞെടുപ്പിലുള്ളൂ എന്നവൾക്ക് പൂർണ്ണബോദ്ധ്യമുണ്ട്. തോൽക്കാൻ നിങ്ങളെക്കാൾ മുമ്പേ തയ്യാറായ ഒരുവൾക്കേ ദ്വന്ദ്വത്തിന് ക്ഷണിക്കാനാകൂ. അഹങ്കാരം കൊണ്ട് തൂക്കിനോക്കുന്ന തുലാസ്തട്ടിനിടയിലൂടെ അവളുടെ കണ്ണുകളിലേയ്ക്കുകൂടൊന്നു നോക്കുക. ജയത്തിനും തോൽവിയ്ക്കുമപ്പുറം നിങ്ങളെ തോണ്ടിവിളിച്ചു മത്സരാർത്ഥികൾക്കിടയിൽ ഓടുന്ന നിങ്ങളെത്തന്നെ ചൂണ്ടിക്കാണിച്ചു തന്ന് ആത്മവിശകലനം നടത്തൂ എന്നഭ്യർത്ഥിക്കുന്ന അവളെ നിങ്ങൾക്കു കാണാം. അതു തിരിച്ചറിയുമെങ്കിൽ നിങ്ങൾ വിജയിയായിരിയ്ക്കും. തോറ്റാലും ജയിച്ചാലും അജയ്യൻ.

കുഞ്ഞായിരിയ്ക്കുമ്പോൾ അമ്മയോടൊപ്പം എന്തു കളിച്ചാലും അമ്മ നിങ്ങളെ വിജയിപ്പിയ്ക്കുമായിരുന്നല്ലേ? അത്തരം ജയങ്ങൾ മധുരം ചോർന്ന് വെറും പശത്തുണ്ടു മാത്രമായ ചൂയിംഗം പോലെ അരോചകമായതിനാൽ ബാല്യത്തിലേ ഉപേക്ഷിച്ചയാളല്ലേ നിങ്ങൾ? എന്നിട്ടുമിന്നും എല്ലാ മത്സരങ്ങളിലും ജയിയ്ക്കാൻ ലോകം മുഴുവൻ അറിഞ്ഞോ അറിയാതെയോ കൂട്ടുനിൽക്കണമെന്നു ശഠിയ്ക്കുന്നതെന്തിന്! ജീവിതത്തിലെ ഓരോ കൊച്ചു പരീക്ഷണങ്ങളും ആൽകെമിസ്റ്റിന്റെ നിധിതേടലല്ലെന്ന് അറിഞ്ഞു കൊൾക. ഇടയ്ക്കെല്ലാം തോൽക്കുക. തോൽവിയിലൂടെ മാത്രം സാദ്ധ്യമാകുന്നതരം നേട്ടങ്ങൾ രുചിയ്ക്കുക. ഇനി, തോൽക്കാനറിയില്ലെങ്കിൽ അവളെ നോക്കൂ. നിങ്ങളെ മൽപ്പിടുത്തത്തിന് ക്ഷണിച്ചവളെ. ഓരോതവണ അവൾ തോൽക്കുമ്പോഴും നിങ്ങൾ കണ്ടു പഠിയ്ക്കേണ്ടതുണ്ട്- തോൽക്കുന്നവരെങ്ങനെ ചിരിയ്ക്കണമെന്നും സന്തോഷിക്കണമെന്നും.

തോൽക്കാൻ മനസ്സില്ലാതെ ഒഴിഞ്ഞുമാറുകയോ വീറോടെ പടവെട്ടി ജയിയ്ക്കുകയോ ചെയ്യുന്ന നിങ്ങളെക്കുറിച്ച് അവൾ മനസ്സിൽ കരുതുന്നതെന്താണെന്നുകൂടി നോക്കൂ..
''കണ്ടോകണ്ടോ.. എപ്പോഴത്തെയും പോലെ നിങ്ങൾ ഇതുതന്നെ പ്രവർത്തിയ്ക്കുകയും ജയിയ്ക്കുകയും ചെയ്യുമെന്നെനിയ്ക്ക് ഉറപ്പായിരുന്നു. എന്റെ നിഗമനങ്ങൾ തെറ്റിയ്ക്കാതെ, ഞാൻ മുമ്പേ വരച്ച ട്രാക്കിലൂടെത്തന്നെ ഓടി നിങ്ങൾ ഒരിയ്ക്കൽകൂടി തോറ്റിരിയ്ക്കുന്നു.. "

ഇടയ്ക്കൊന്നു തോറ്റ് അവളെ ജയിച്ചുകൂടെ? അപ്രതീക്ഷിതമായ ജയത്തിൽ തോറ്റ് അവളും നിങ്ങളെ ചേർത്തുപിടിയ്ക്കും. പന്തയത്തിനോടുന്ന അവളെനോക്കി അവളുമൊന്നു ചിരിയ്ക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ