"ഒണർന്നെണീയ്ക്കുമ്പോ എനിയ്ക്ക് നെന്റെ മണാണ്ന്നു തോന്നി.. സ്വയം മണത്ത് നോക്ക്വേ. എന്തൊരൊറക്കായ്ര്ന്നൂ! അതൊരു സ്വപ്നായിരുന്നൂട്ടോ. എണീറ്റൂടുമ്പോ ഒക്കെ സത്യായിട്ട് തോന്നും. പ്രത്യേകിച്ചൊരു മണോന്നും ഇല്ലാത്തോളായിട്ടല്ലേ ഇന്ന് പെലർച്ചയ്ക്ക് വിരിഞ്ഞത്. പുത്തനുടുപ്പ് പോലത്തെ നീല ഞൊറ്യോളും നടൂല് എളംപച്ച കലർന്ന വെള്പ്പും. കണ്ണ് തൊറന്നപ്പോ എന്നേക്കാൾ കടുംനീല നെറത്തില് മാനോം രണ്ട് നക്ഷത്രോം ണ്ടായിര്ന്നു. ലേശം കഴിഞ്ഞപ്പോ, മാനം നരയ്ക്കേം നക്ഷത്രം മറയേം ചെയ്തു. ഞാനാണെങ്കി, എതളോള് വളർന്ന് മുഴുവൻ വിരിയ്ണേന്റെ തെരക്കിലായ്രുന്നൂലോ.."
''ന്ന്ട്ടോ?"
''മഞ്ഞച്ചെറകുള്ള പൂമ്പാറേറ്യാട് വിശേഷം പറഞ്ഞ് കഴിഞ്ഞ് കെഴക്കേമാനത്തെ തീഗോളമൊന്ന് കാണാൻ ദൃഷ്ടിയുയർത്തിയപ്പോ മുന്നിലങ്ങനെ വഴിയടഞ്ഞ് നിക്ക്ണൂ മതില്മ്മേലത്തെ അരയാൽത്തൈയിൽ നിന്നൊരെല."
"മൂത്ത് പച്ച്യായിട്ടില്ലാത്ത നല്ല ലക്ഷണായിട്ട്ളള എളേ എല്യാണ്. സൂര്യനെ മറച്ചുംകൊണ്ട് ധൂമ്ര വർണത്തില് എളകാതെ നിക്ക്വന്നെ. കണ്ണ് മഞ്ഞളിയ്ക്ക്ണ വെയിലാണെയ് ചുറ്റിനും. നോക്കി നിക്കുമ്പോളില്ലേ; ആ എല കറ്കറ്ത്ത് വര്ണ പോലെ... നീയാണ് ചിരിച്ചുങ്കൊണ്ട് നിക്ക്ണത് എന്ന് തോന്നി കൃഷ്ണാ."
"ഓഹോ. ന്ന്ട്ട് ഞാനാണെന്ന് നിരീച്ച്വോ നീ?''
"നീയന്നെ ആയിര്ന്നൂലോ. എന്നിട്ടെന്താ പറഞ്ഞത്! തീ പോലെ കത്ത്ണ ആകാശത്തിലെ ചോന്നുകറ്ത്ത നിന്നെത്തന്നെ സൂക്ഷിച്ച് നോക്കാൻ.. നോക്കിക്കൊണ്ടങ്ങനെ നിക്കുമ്പോ ആകാശം കറുപ്പും നീ ജ്വാലയുമായി. മഞ്ഞളിച്ച കണ്ണിലെ മായക്കാഴ്ച്ചോള്.."
"ഇരുട്ടെന്താന്നറിയാതെ പ്രകാശത്തെ പഠിയ്ക്കാനൊക്കുമോ? നീ പറ."
"ഹൃദയാകാരത്തില് സൂര്യനെ മറച്ച്, വെളിച്ചം കൊണ്ടു നീയെന്റെ കണ്ണുനെറച്ചൂലൊ. അപ്പളാണ് കുഞ്ഞിപ്പെണ്ണുവന്നെന്നെ പൊട്ടിച്ച് അരൂല് ചന്ദനമരച്ച് വെച്ച ചെമ്പുതാലത്തിലിട്ടത്. അപ്പളരച്ച ചന്ദനത്തിന്റെ നിശ്വാസത്തിലങ്ങനെ ലയിച്ച് നെന്നേം ധ്യാനിച്ച് കെടക്കുമ്പോഴാണ് തൊളിസീം നന്ദ്യാർവട്ടോം ഒക്കെ കൂടെക്കൂട്യേത്."
"അവര് നിത്യോം വരും."
"പരുപരുത്തിരുണ്ട ഈ കൽപ്പാദങ്ങളിലങ്ങനെ കിന്നാരം പറഞ്ഞിരിയ്ക്കാൻ ഭാഗ്യം വേണം; ല്ലേ കണ്ണാ? തീർത്ഥത്തുള്ള്യോള് വറ്റി, ചന്ദനത്താൽ നിന്നിലേയ്ക്കൊട്ടി, ഉച്ചവെയിലത്തൊണങ്ങി നേർത്ത്, വാടി, മയങ്ങിമയങ്ങി, പതിയെ ഈ നീലദലങ്ങൾക്കെടേന്ന് കറ്കറ്ത്ത നിന്നിലേയ്ക്കലിയ്ണത് എന്തനുഭൂതിയാണ് തമ്പുരാനേ.. "
"പയറായി മൂത്ത്, വിത്തു നെറഞ്ഞ് പൊട്ടിച്ചിതറ്ണതല്ലേ ഒരു ശംഖുപുഷ്പത്തിന്റെ ആത്മസാഫല്യം?"
"കളിയാക്കാണോ! എനിയ്ക്കിതാ ഇഷ്ടായേ. നാളെ രാവിലെ മഞ്ഞിൽ നനഞ്ഞ ഈ പാദങ്ങളീന്ന് നിർമാല്യമെടുക്കുമ്പോ, കുഞ്ഞിപ്പെണ്ണിന്റെ കുഞ്ഞുവെരലിനെടേല് കീറിപ്പോയ എന്റെ ഒടല്ണ്ടാവും. ചന്ദനത്തിലൊട്ടി നിന്നിലൊറച്ച പകുതിദളം ഇവിടെന്നെണ്ടാവും. കിണ്ടീന്ന് വെള്ളൊഴിച്ച് നഖം കൊണ്ടുരച്ച് കഴുകിയ നെന്റെ പാദത്തില് വീഴാൻ കാത്തിരിയ്ക്കാവും അപ്പള് ചെമ്പ്താലത്തില് കൊറേ തൊളസീം നന്ദ്യാർവട്ടോം. കെണറ്റുവക്കത്തെ കൂവളത്തയ്യിന്റെ ചോട്ടില് കെടക്ക്ണുണ്ടാവും ഞാന്."
"എന്തൊരു വർത്താനാണ് പെണ്ണേ. നെണക്ക് ക്ഷീണിയ്ക്ക്ണില്യേ? മിണ്ടാണ്ടെ ഒന്നു മയങ്ങിക്കോളൂ. നട്ടുച്ചവെയിലത്ത് വാട്ല്ലേ നീയ്യ്. കണ്ണടച്ചോളൂ. ഞാനീ കൊഴലൂതാം.''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ