സാറാ ജോസഫിന്റെ 'ആരു നീ' എന്ന ആത്മകഥ വായിച്ചു. തികച്ചും വ്യത്യസ്തമായ ഒരു ശൈലി. കഥയെന്നതിലപ്പുറം ഏറെ ദൂരം താണ്ടി, കടന്നുവന്ന കാലത്തെപ്പറ്റി ലളിതമായൊരു അവലോകനം. അതിന്റെ അവസാന താളുകളിൽ 'പാപത്തറ' എന്ന കഥ എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വായിച്ചപ്പോൾ പണ്ടുപണ്ട് 96ലോ മറ്റോ ഞാനെഴുതിയ ഒരു കഥ ഓർമ്മ വന്നു.
പ്രിയതമൻ അട്ടത്തുനിന്ന് ഇറക്കിത്തന്ന കാഡ് ബോഡ് പെട്ടിക്കുള്ളിൽ ഭദ്രമായിരിപ്പുണ്ടായിരുന്നു പഴയ കോളേജ് മാഗസിനുകൾ. നനഞ്ഞ മണ്ണിൽ നിന്നു പറിച്ചെടുത്ത് ഭാഷയും നദികളും കാറ്റും ഭക്ഷണവും വെള്ളംപോലും അപരിചിതമായ പുതിയ ഭൂമികയിൽ നട്ട അന്തർമുഖിയായ ആത്മവിശ്വാസമില്ലാഞ്ഞ ചെടി.. പലതവണ വാടകവീടുകളാകുന്ന ചെടിച്ചട്ടികളിൽ മാറിമാറി പറിച്ചെടുക്കപ്പെട്ടും നടപ്പെട്ടും കഴിഞ്ഞിട്ടും അറ്റുപോകാത്ത മമതയുടെ പഴയൊരു വേര് പോലെ എന്റെ പഴയ ഡയറികളും നോട്ടുപുസ്തകങ്ങളും മാഗസിനുകളും എന്നെ കാത്തുറങ്ങിക്കിടക്കുന്നുണ്ടായിരുന്നു ആ മന്ത്രപേടകത്തിൽ.
ഫോട്ടോയിൽ നിന്നും കഥ വായിച്ചെടുക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. അതിനാൽ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട അവസാനഭാഗം മാത്രം താഴെ..
..........
"കരയല്ലേ..." സിന്ദൂരം അതിന്റെ വാപൊത്തി. കുഞ്ഞാന്നു പിടഞ്ഞു. സിന്ദൂരം ഭയന്നു കൈവലിച്ചു. അതു വീണ്ടും കരയാൻ തുടങ്ങി. പെട്ടെന്നവളും കരഞ്ഞു. കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ വീണു ആ മാതൃഹൃദയം നനഞ്ഞു. അകത്തുപോയി അവൾ ഒരുപിടി നെന്മണികൾ എടുത്തുകൊണ്ടുവന്നു. വളർന്നുവരുന്ന ഒരു ദുരന്തത്തിന്റെ ക്ഷിപ്രപര്യവസാനത്തിനായി, ഭർത്താവിന്റെ സ്നേഹത്തിനും കാരുണ്യത്തിനുമായി, വിജയകരമായ സ്വന്തം നിലനിൽപ്പിനായി, പിന്നെ.. വീണ്ടും പെൺകുട്ടികളെ നിഴലുകളാക്കിമാറ്റുന്ന സമൂഹത്തിന്റെ ഒരു പുതിയ കണ്ണിയ്ക്കായി, ആണെന്ന അഭിമാനം തുടിയ്ക്കുന്ന ഹൃദയമുള്ള ഒരാൺകുട്ടിയുടെ ആഗമനത്തിനായി പ്രാർത്ഥനയോടെ അവളാ നെന്മണികൾ കുഞ്ഞിന്റെ വായിലേയ്ക്കിട്ടു. വിളറിയ അതിന്റെ അന്ത്യ രോദനം കേൾക്കാനാകാതെ, കൈകാലുകളിട്ട് അത് പിടയ്ക്കുന്നത് കാണാനാകാതെ പതിനേഴുവയസ്സുകാരിയായ ആ അമ്മ കൂര വിട്ടോടിപ്പോയി.
സിന്ദൂരം ഓടിയെത്തിയത് പഞ്ചായത്ത് പൈപ്പിനടുത്തായിരുന്നു. രണ്ടു കുമ്പിൾ വെള്ളം മുഖത്തു കോരിയൊഴിച്ച് അവൾ തലയുയർത്തി. മുൻപിൽ പുഞ്ചിരിച്ചുകൊണ്ട് കയ്യിലൊരു പെൺകുഞ്ഞുമായി നിൽക്കുന്ന പുരൈട്ചി തലൈവിയുടെ കൂറ്റൻ ചിത്രം. അപ്പോൾ, അവളുടെ മുഖത്തുവീണ ഈ ഭൂമിയിലെ പാപപങ്കിലമായ ജലം കണ്ണീരിന്റെ ഉപ്പുതട്ടി പരിശുദ്ധമാകുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ