2019 ജനുവരി 10, വ്യാഴാഴ്‌ച

കഥാനായിക

പ്രിയനെ,

ഞാനുമൊരു കഥയിലെ നായികയാണെന്ന് ആദ്യമായി തോന്നിയത് നിന്നെക്കണ്ടുമുട്ടിയതിനു ശേഷമാണ്. ലെൻസിന്റെ വൃത്തത്തിലൂടെ ഇടയ്ക്ക് നിന്മുഖം, ഇടയ്ക്കെൻ മുഖം. വിദൂരതയിൽ നടന്നുനീങ്ങുന്ന ഇണകളായി.. ക്യാമറയ്ക്കു പിന്നിലും ഞാനാണ്.

കാറ്റിന്റെ, നദിയുടെ, മഴയുടെ ശബ്ദം.. നമുക്കു മാത്രം മനസ്സിലാകുന്ന ആന്തരിക താളത്തിൽ ഭാഷ; അതിന്റെ മർമ്മരം..

ആ രണ്ടു കണ്ണുകളെന്നോട് പറഞ്ഞത്ര കഥകൾ ഒരു പുസ്തകത്തിലും ഞാൻ വായിച്ചിട്ടില്ല.

ആ ചുണ്ടുകളിലൊളിപ്പിച്ചത്ര കുസൃതികൾക്കായി ഇന്നേവരെയാരും എന്നെ ക്ഷണിച്ചിട്ടില്ല.

ആ വിരലുകൾക്കുള്ളിലെന്റെ വിരലുകൾ കോർക്കുമ്പോഴുള്ളത്ര സ്വാതന്ത്ര്യവും സാഹസികതയും ബാല്യത്തിൽ പോലും ഞാനറിഞ്ഞിട്ടില്ല.

ഇവിടത്തെ പോലെ അവിടെയുമെങ്കിൽ,

ചങ്കിനു താഴെ, നെഞ്ചിൻകൂടിന് പുറത്തേയ്ക്കു കുതിയ്ക്കുന്ന പോലൊരു വിങ്ങൽ..
നിന്റേതല്ലാത്തൊരു മിടിപ്പിന്റെ ആന്തൽ..
ചുരുട്ടിപ്പിടിച്ചൊരു മുഷ്ടിയോളം ഭാരം..
ഇതെല്ലാം നീയുമനുഭവിക്കുന്നുണ്ടോ!

വലതുവശത്തെ ശൂന്യതയിലേയ്ക്കുറ്റുനോക്കി സംവദിക്കാൻ ഞാൻ ശ്രമിയ്ക്കാറുള്ളത് പോലെ ഇടത്തോട്ടു തിരിഞ്ഞ് നീയും?

ശൂന്യമാണോ?

ഭ്രമങ്ങളാണോ?

ഭ്രാന്താണോ?

തേടി ഞാൻ വന്നില്ല.

ഈ വഴിയിലങ്ങനെ നിൽക്കുന്നു.

വാക്കുകളെ പറഞ്ഞയച്ചില്ല. വെറുതെ മണ്ണിൽ തൂവി ക്കളഞ്ഞിരിയ്ക്കുന്നു.

ഇതിലെ കടന്നുപോകുമ്പോൾ...

പൊടിമണ്ണിൽ എനിയ്ക്കു പ്രിയംകരമായ ആ കാൽപാടെങ്കിലും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ