പെണ്ണെന്നുള്ള അഹന്ത അന്നെനിക്ക് ഇല്ലായിരുന്നു; ഏതാണ്ട് 2010 ഏപ്രിൽ അവസാനം വരെ. ഒരു ഗർഭകാലവും മുഴുമിച്ചിട്ടില്ലാത്ത അനേകം സ്ത്രീകളെ വേദനിപ്പിക്കാൻ എന്റെയീ എഴുത്തിനു കഴിയുമെന്നറിയാം. ഞാനും അവരും തമ്മിലുള്ള വ്യത്യാസം 2010 മേയ് മുതൽ ഇന്നേദിവസം വരെയുള്ളതാണ്. അവരെ സംബന്ധിച്ച്; എന്നെ സംബന്ധിച്ച് അതൊരു വലിയ വ്യത്യാസം തന്നെയാണ്. സംഭവിച്ചു കഴിഞ്ഞതിനു ശേഷം മാത്രം സംഭവിച്ചെന്ന് അവകാശപ്പെടാൻ പറ്റുന്ന മാതൃത്വം.
കമിഴ്ന്നും മലർന്നും വീഴുന്ന തുളസിയിലകൾ കള്ളവും സത്യവും മാറിമാറിപ്പറഞ്ഞ ദിവസങ്ങൾ... കണ്ണും മനസ്സും അടിവയറ്റിലെ ത്രികോണാകൃതിയുള്ള തോൽ സഞ്ചിയിലേയ്ക്കു തന്നെ ഉറ്റുനോക്കി, മടുത്ത്, ചിരിയ്ക്കാനറിയാതെ, മറ്റൊന്നും ചിന്തിയ്ക്കാനറിയാതെ നിന്ന വൈകുന്നേരങ്ങൾ... പ്രെഗ് ടെസ്റ്റ് കിറ്റ് കയ്യിൽ പിടിച്ച്, ഇന്നു വേണമോ നാളെ വേണമോയെന്നു തിരിച്ചുംമറിച്ചും ചിന്തിക്കുന്ന ബ്രാഹ്മമുഹൂർത്തങ്ങൾ... ഹോർമോണുകളിൽ വ്യതിയാനം വരുത്തുന്ന മരുന്നുകളാലോ, ഉറക്കമിളച്ചതിനാലോ, കരഞ്ഞതിനാലോ വീർത്ത കൺപോളകൾ... ഊർജ്ജമില്ലാത്ത ചലനങ്ങൾ...
*******************
മാധവിക്കുട്ടിയുടെ 'പക്ഷിയുടെ മണം' എന്ന ചെറുകഥാ സമാഹാരത്തിലെ ചില കഥകളാണ് എന്നെയിന്നു പിന്നിലേയ്ക്കു നടത്തിച്ചത്. എന്നത്തേയും പോലെ ലളിതമായ ഭാഷയിൽ ശക്തമായ ആവിഷ്കരണം. മനസ്സിനെ അലോസരപ്പെടുത്തുന്ന കഥാവൃത്തങ്ങൾ.
*********************
ഇമവെട്ടാതെ മുഖത്തേക്ക് നോക്കി പഠിയ്ക്കാൻ ശ്രമിക്കുന്ന ചെറിയ കണ്ണുകൾ... ഉള്ളം കൈയിലൊതുങ്ങുന്ന മൃദുവായ കുഞ്ഞുശരീരം... കൈത്തണ്ടയിൽ കമഴ്ത്തിയിടുമ്പോൾ വിരിപ്പിൽ അമർന്നതിനാൽ ചുവന്ന പുറത്ത് രോമസഞ്ചയങ്ങൾ... ആ മണം... ആ ശബ്ദം... കമ്പിളിട്ടവ്വലിനു പുറത്തേയ്ക്കു നീട്ടിപ്പിടിച്ചതിനാൽ തണുത്തുപോയ ആ കുഞ്ഞു വിരലുകൾ കൊണ്ടുള്ള സ്പർശം...
കുഞ്ഞേ, എന്നെ അമ്മയാക്കിയതിനാൽ ഞാനെന്നും നിന്നോട് കടപ്പെട്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ