2018 ഒക്‌ടോബർ 29, തിങ്കളാഴ്‌ച

തമ്പളി

തമ്പളി കൂട്ടി ദോശേം, ഇഡ്ഡലീം തിന്നണോ? അയ്ന് തമ്പളി ണ്ടാക്കാനറിയണം. മോരൊഴിച്ച ഒരു കന്നഡച്ചട്ണിയാണ് തമ്പളി. എരിവും പുളിയുമൊക്കെ ഉള്ളതിനാൽ ചോറിനും ചേരും.

മുത്തിൾ, തഴുതാമ, പാലക്, സാമ്പാർ ചീര, മണിത്തക്കാളി തുടങ്ങി തൊടിയിൽ കിട്ടുന്ന ഒരല്പം ഔഷധഗുണമുള്ള മിക്ക ഇലക്കറികൾ കൊണ്ടും കന്നടക്കാർ തമ്പളിയുണ്ടാക്കും. ഇല അധികം വേണ്ട; ഒരുപിടി പോതും. അതിനാൽത്തന്നെ ഇലയുടെ ചവർപ്പോ, കയ്പോ, മണമോ വലിയ പ്രശ്നമാകല്ല. ആരോഗ്യത്തിനു കേമവും.

തുടങ്ങാം?

ചീനച്ചട്ടിയിൽ ഒരു സ്പൂൺ എണ്ണയൊഴിച്ച് അര സ്പൂൺ മല്ലി, അത്രന്നെ ജീരകം, എട്ടുപത്ത് കുരുമുളക്, എരിവിനനുസരിച്ച് ഒന്നോരണ്ടോ പച്ചമുളക് എന്നിവ ഒന്നിനുപിറകെ ഒന്നായി ഇട്ട് വറവാകുമ്പോൾ വൃത്തിയാക്കി, കഴുകി, വെള്ളം വാലാൻ വെച്ചിരിയ്ക്കണ പച്ചിലക്കൂട്ടം എണ്ണേൽയ്ക്കങ്ങട് ഇട്ടോളൂ. ചറപറാന്ന് ഒച്ചയിട്ട് കരയ്ണ ഇലകൾ മൂകരാകുമ്പോൾ തീയണച്ചോളൂ. ഇന്നാളൊരൂസം ഇല എത്രനേരം വഴറ്റണംന്ന് ചോദിച്ച ഒരുത്തിയോട് ഞാൻ അതിലെ പുഴുക്കളൊക്കെ ചാവ്ണവരെ മതീന്ന് പറഞ്ഞപ്പോൾ, "ശ്ശീ ... അമ്മായീണ്ടാക്കിയ തമ്പളി ഞാൻ കഴിയ്ക്കില്ല്യാ..." ന്ന്! 😒

നമ്മളിപ്പോ വറത്തുവച്ച സാധനങ്ങൾ ഇത്തിരി നാളികേരം ചിരകിയതും മോരും ഉപ്പും കൂട്ടി അരച്ചോളൂ. പച്ചനിറത്തിൽ ചിരിയ്ക്കണ തമ്പളി റെഡി.🤑👽

ചാഹേ തോ.. ഥോടീ (ടാ/ടീ?!) തേൽ മേം സർസോം ഓർ കറീ പത്താ സേ ഏക് തഡ്കാ ദേനാ. ( യേത്? വറവിടാൻ.👩‍🏫)

പച് മിർചി കാതാ? എറാ മിരാപാ കാലു. (പച്ചയില്ലെങ്കിൽ ചോന്നമൊളകും ഇടാമെന്ന്)

കൊടങ്ങൽ: കുടങ്ങൽ, മുത്തിൾ, ബ്രഹ്മി, ഉന്തിരി (കൊങ്കണി ), ഒന്തെലഗ (കന്നഡ), ഗോട്ടു കോല (സിംഹള ), സെൻടെല്ല ഏഷ്യാറ്റിക (ശാസ്ത്രീയ നാമം) എന്നിങ്ങിനെ പല ഭാഷകളിലായി ധാരാളം പേരുകളുള്ള ഇവൾ കാരറ്റ്, പാഴ്സലി, കൊത്തമല്ലി എന്നിവരുടെ അടുത്ത ബന്ധുവാണ്.( എപിയേസി കുടുംബാംഗം) മൂത്ത, മന്ദപ്പൻ കാരറ്റിന്റെ മുരട് ചവയ്ക്കുമ്പോഴുള്ള രുചിയും മണവുമാണ് ഇലകൾക്ക്. പാടത്തും തൊടിയിലും വെള്ളമുള്ളേടത്തെല്ലാം കണങ്കാലോളമെത്തുന്ന കാടായി വളരാൻ ഇഷ്ടം. ഇതിലടങ്ങിയ ട്രൈടെർപീനോയ്ഡുകൾ ബുദ്ധിയ്ക്കും ഓർമ്മയ്ക്കും നല്ലതാണെന്ന് ആയുർവേദം പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ