ചില കാര്യങ്ങളിൽ ഏതാണു ശരി എന്നു തീരുമാനമെടുക്കാനാവില്ല. ഏറെക്കുറെ ശരിയെന്നു തോന്നുന്നത് ചെയ്യാമെന്നു മാത്രം.
മോൾടെ ഡാൻസ് ക്ലാസിൽ പോകുമ്പോൾ എനിക്കാകെ ചെയ്യാനുള്ളത് കൊതുകാട്ടും മൊബൈൽ വ്യായാമവുമാണ്. അപ്പുറമിപ്പുറം ഇരിക്കുന്ന അമ്മമാർ ഓരോ സ്റ്റെപ്പും കണ്ണാലൊപ്പി മനസിൽ പതിപ്പിച്ച് വീട്ടിലെത്തിയാൽ എങ്ങനെ കോച്ചണമെന്നു കണക്കുകൂട്ടുകയാവും. വീഡിയോ പിടിക്കുന്നു, പാട്ട് ഡൗൺലോഡു ചെയ്യുന്നു..
എന്റെ ഉത്തരവാദിത്തം ഫീസ് കൊടുക്കുന്നതോടെ തീരും. വേണെങ്കിൽ പഠിക്കട്ടെ. ഇതേ സമീപനമാണ് എല്ലാ പഠന - പഠനേതര പ്രവർത്തനങ്ങളിലും . ഇതിലൊരിത്തിരി കുറ്റബോധം തോന്നാറുള്ളത് മറ്റുള്ളവർ സമ്മാനങ്ങളടിച്ചോണ്ടു പോകുമ്പോൾ മോൾടെ മുഖം വാടുന്നത് കാണുമ്പോഴാണ്.
മറ്റു കുട്ടികൾ ഡാൻസും, പാട്ടും, വരയും മറ്റും പരിശീലിക്കുമ്പോൾ ഇവൾ സ്വപ്നം കാണുകയോ, കണ്ണാടിക്കു മുന്നിൽ പ്രതിബിംബത്തോടു സംവദിക്കുകയോ, കിന്നാരം പറയുകയോ ആയിരിക്കും. അതാണെനിക്കിഷ്ടം.
പക്ഷെ, ഒരുപാടു നേടിയവർ കഠിനാധ്വാനിയായ അമ്മയാണെന്റെ വിജയത്തിനു പിന്നിൽ എന്നു പറയുമ്പോൾ - ചെയ്യുന്നത് 'ശരി' ആണോ, അതോ എന്റെ മടിയാണോ എന്നു സംശയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ